കേളകം ( കണ്ണൂർ): തട്ടിൽ ഒപ്പം നിന്ന് അഭിനയിച്ചിരുന്ന രണ്ട് സഹപ്രവർത്തകരുടെ ജീവൻ പൊലിയുന്നത് കാണേണ്ടി വന്ന ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് അതിജീവനത്തിൻ്റെ പുത്തൻ കഥയുമായി വനിത മെസ് വീണ്ടും അരങ്ങേറി. എവിടെ കളിക്കാൻ പോകുമ്പോഴാണോ ദുരന്തമുണ്ടായത്, അതേ വേദിയിൽ നാടകം അരങ്ങേറി. അതും 55 ദിവസങ്ങൾ കൊണ്ട്. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ നാടകം വനിത മെസാണ് വീണ്ടും അരങ്ങിലെത്തിയത്. അതും സുൽത്താൻ ബത്തേരിയിലെ പൾസ് നാടക ഫെസ്റ്റിന്റെ വേദിയിൽ തന്നെ. കണ്ണൂരിൻ്റ മലയോര മേഖലയെ നവംബർ 15 ന് പുലരിയിൽ ഞെട്ടിച്ച ആ വാഹനാപകടത്തിൻ്റെ ദുരിതഭാണ്ഡങ്ങൾ തോളിലേറ്റിയാണവർ ഇപ്പോൾ തട്ടിൽ നിൽക്കുന്നത്. വേദന ശരീരത്തിലും മനസ്സിലും ഒരേ സമയം നിലനിൽക്കുന്നുണ്ട്. അന്ന് നാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് കണ്ണൂർ ജില്ലയിലെ കേളകത്തിന് സമീപം മലയാംപടിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് സഹപ്രവർത്തകരായ നടിമാർ ജെസി മോഹനും അഞ്ജലി ഉല്ലാസും സംഭവ സ്‌ഥലത്ത് വച്ച് മരിച്ചു. ബസിൽ മൊത്തം 14 പേരാണ് ഉണ്ടായിരുന്നത് ഒരാൾക്ക് ഒഴികെ ബാക്കിയുള്ളവർക്കെല്ലാം ഗുരുതരമായി പരുക്കേറ്റു. രണ്ട് ഡ്രൈവർമാരും ഇപ്പോഴും ചികിത്സയിലാണ്. വാഹനം ആ സമയത്ത് ഓടിച്ചിരുന്ന ഡ്രൈവർ ഉമേഷിൻ്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു പോയതിനാൽ ഇപ്പോഴും കൈ ഉയർത്തി കെട്ടിവച്ച നിലയിലാണ്. . പ്രധാന ഡ്രൈവർ ഷിബുവിൻ്റെ കൈക്കും കാലിനും തലയ്ക്കും പരുക്കേറ്റു ചികിത്സ തുടരുന്നു. നടി ബിന്ദു സുരേഷിൻ്റെ ചെവിയിലും തലയ്ക്കുമായിരുന്നു പരുക്ക്. സർജറികൾ നടത്തേണ്ടതായി വന്നു. ബിന്ദുവിൻ്റെ ഭർത്താവും നടനുമായ സുരേഷിന് കൈയിലെ നാല് വിരൽ മടക്കാൻ പറ്റുന്നില്ല. നായക നടൻ അതിരിങ്കൽ സുഭാഷിനായിരുന്നു ഏറ്റവും ഗുരുതരമായ പരുക്ക്. തിരികെ വേദിയിൽ എത്താൻ കഴിയുമെന്ന് പോലും വിശ്വസിച്ചിരുന്നില്ല. പല സർജറികൾ വേണ്ടിവന്നു. എന്നാൽ അതിജീവിച്ചല്ലാതെ ജീവിത നാടക വേദിയിൽ നിന്ന് പിൻവാങ്ങില്ല എന്നവർ ആശുപത്രിക്കിടക്കയിൽ കിടന്നു കൊണ്ട് തന്നെ തീരുമാനിച്ചു. ശാരീരികമായി അവശരെങ്കിലും മാനസികമായി അവർ കരുത്ത് നേടിയെടുത്തു.
വനിത മെസ് നാടകം ഒരുക്കിയിട്ട് ആകെ 4 കളികൾ മാത്രം നടത്തി അഞ്ചാമത്തെ വേദിയിലേക്ക് പോകും വഴിയായിരുന്നു ആ അപകടം. കണ്ണൂരിലെ കടന്നപ്പള്ളിയിൽ നാടകം കഴിഞ്ഞ് 16ന് സുൽത്താൻ ബത്തേരിയിലെ നാടക ഫെസ്‌റ്റിൽ ആദ്യത്തെ നാടകമായി നിശ്ചയിച്ചിരുന്നതാണ് വനിത മെസ്. ഒരു ദിവസം ഗ്യാപ് ഉണ്ടായിരുന്നു. സുൽത്താൻ ബത്തേരിയിലെത്തിയ ശേഷം വിശ്രമിക്കാമെന്ന് കരുതിയാണ് 14 ന് രാത്രിയിൽ അവർ നാടകം കഴിഞ്ഞ് പുറപ്പെട്ടത്. പക്ഷെ 15 ന് പുലർച്ചെ അഞ്ച് മണിയോടെ അപകടമുണ്ടായി. പേര്യ ചുരം അടഞ്ഞുകിടക്കുന്നതറിയാതെ നെടുംപൊയിൽ മാനന്തവാടി റോഡിലൂടെ സഞ്ചരിച്ച സംഘം 29-ാം മൈലിൽ എത്തിയപ്പോൾ ആണ് റോഡ് പ്രകൃതിദുരന്തത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് എന്നറിഞ്ഞത്. പിന്നെയുള്ളത് മലയോര ഹൈവേയിൽ എത്തി കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലുടെ സഞ്ചരിക്കുക എന്നത് മാത്രമാണ് വയനാട്ടിലേക്കുള്ള ഏക യാത്രാമാർഗ്ഗം. മലയോര ഹൈവേയിലേക്കെത്താൻ ഏറ്റവും എളുപ്പമാർഗ്ഗം എന്ന നിലയിൽ ഏലപ്പീടിക മലയാംപടി കേളകം റോഡിലേക്ക് പ്രവേശിച്ചു. വീതി കുറഞ്ഞ റോഡാണ്. തങ്ങൾ ഒരു മലയുടെ നെറുകയിലാണെന്നും താഴെക്കിറങ്ങിയാൽ മാത്രമേ കേളകത്തെത്താൻ കഴിയൂ എന്ന് ആ ഇരുട്ട് നിറഞ്ഞതും കോടമഞ്ഞ് നിറഞ്ഞതുമായ പുലർകാലത്ത് അവർക്ക് തിരിച്ചറിയാനായില്ല. ഒരിറക്കം ഒരു വിധം ഇറങ്ങിയപ്പോൾ തന്നെ ചെറിയൊരു ഭയം അവരെ ചൂഴ്ന്നു തുടങ്ങി. തിരിച്ചു പോകണമെങ്കിൽ പിന്നിലെ വലിയ കയറ്റം ഒരു പേടി സ്വപ്നമായി മാറിക്കഴിഞ്ഞു. അടുത്ത ഇറക്കം ഇറങ്ങുകയല്ലാതെ മറ്റ് വഴികളില്ല. ഒടുവിൽ അടുത്ത ഇറക്കത്തിലേക്കവർ ഇറങ്ങി. അതൊരു കുത്തനെയുള്ള വലിയൊരു ഇറക്കമാണ് എന്നവർ മനസ്സിലാക്കി വന്നപ്പോഴേക്കും വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഒരു വശത്ത് കൊക്ക. മറുവശത്ത് വലിയ പാറക്കെട്ട്. പാറക്കെട്ടിൽ ഇടിപ്പിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. ഒടുവിൽ ആ കോടമഞ്ഞിൽ മുന്നിലൊരു മരം നേരേ മുൻപിൽ കണ്ടു. അതിൽ ഇടിപ്പിച്ച് നിർത്താൻ തീരുമാനിച്ചു. പക്ഷെ ആ കണക്ക് കൂട്ടൽ തെറ്റി. വഴിയുടെ കാഴ്ചയ്ക്കൊടുവിൽ ഒരു എസ് വളവുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. മുന്നിൽ കണ്ട മരം ആ വളവിന് താഴെ കൊക്കയിൽ നിൽക്കുന്ന മരമാണെന്ന് തിരിച്ചറിയുമ്പോഴേക്കും വണ്ടി കൊക്കയിലേക്ക് മുഖം കുത്തിയിരുന്നു. പിൻഭാഗം പൊങ്ങി നിവർന്ന വാഹനം വീണ്ടും താഴേക്ക് മറിയാതെ നിന്നത് വളരെ മെലിഞ്ഞ ഒരു ചെറിയ മരത്തിൽ. തൊട്ടു താഴെ ഒരു വീടാണ്. ഒന്നുകൂടി വാഹനം മറിഞ്ഞിരുന്നെങ്കിൽ വൻ ദുരന്തമായി മാറുമായിരുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ അതിവേഗം രക്ഷാപ്രവർത്തനം തുടങ്ങി. ഒരു ആംബുലൻസ് ഡ്രൈവറുടെ വീടായിരന്നു അത് എന്നതിനാൽ പെട്ടെന്ന് രക്ഷ പ്രവർത്തനം നടത്താൻ സാധിച്ചു. എന്നാൽ നടികളായ ജെസിയും അഞ്ജുവും തൽക്ഷണം മരിച്ചു. ഇരുവരും വാഹനത്തിലെ മുൻ സീറ്റിലായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആദ്യം ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമവിടെ അവസാനിച്ചു എങ്കിലും കൺമുന്നിലെ ജീവിതത്തിൽ ഇരുട്ട് കയറുന്നതായിരുന്നു ആ നാടക സംഘത്തിൻ്റെ തുടർകാലം. അന്ന് ആ അപകട നാളിൽ യഥാർത്ഥത്തിൽ
നാടക സംഘം പ്രതിസന്ധിയിലേക്കാണ് വീണത്. നാടക സംഘത്തിലെ എല്ലാവരും തന്നെ ജീവിക്കുന്നത് വേദികളിൽ നിന്നുള്ള വരുമാനത്തിൽ നിന്നായിരുന്നു. കടങ്ങളും ബാധ്യതകളും കൊണ്ടുള്ള ജീവിതം പലർക്കും ദുരിതപൂർണമായിരുന്നു. സ്വന്തമായി ഒരു വീടു പോലും പലർക്കും ഉണ്ടായിരുന്നില്ല. മരിച്ച നടി ജെസിയുടെ ഭർത്താവ് നാടക നടനായിരുന്ന തേവലക്കര മോഹനൻ മരിച്ചത് അഞ്ച് മാസം മുൻപ് മാത്രമായിരുന്നു. ഒരു നാടകട്രൂപ്പ് സ്വന്തമായുണ്ടായിരുന്നു ജെസിക്കും ഭർത്താവിനും. പക്ഷെ സംഘം തകർന്നതോടെ സ്വത്ത് നഷ്ടപെട്ട ജെസി , ഭർത്താവിൻ്റെ മരണശേഷം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മരിച്ച അഞ്ജലിക്ക് മൂന്നര വയസ്സുള്ള ഒരു കുഞ്ഞാണുള്ളത്. കുട്ടിക്ക് സംസാര ശേഷിയില്ല. ക്യാംപിനോട് ചേർന്നാണ് താമസിച്ചിരുന്നത്. അഞ്ജലിയുടെ മൃതദേഹം സംസ്കരിക്കാൻ പോലും കുടുംബവീട്ടിൽ ഒരു സ്ഥലം ഉണ്ടായിരുന്നില്ല. സംഘത്തിലെ പലരും കട ബാധ്യതകളാൽ വലയുന്നവർ. അപകടം അവരെ തള്ളിയിട്ടത് ദുരിത ദിനങ്ങളിലേക്കാണ്. ചികിത്സയ്ക്ക് പലരും സഹായിച്ചു. അപകടത്തിൽ പെട്ടവരുടെ ചികിത്സക്കായി സർക്കാരിൽ നിന്ന് 10 ലക്ഷം രൂപ ലഭിച്ചതുകൊണ്ട് ഒരു വിധം പിടിച്ചു നിന്നു. പക്ഷെ വേദിയിലേക്ക് തിരികെ എത്താതെ 14 കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് അവരെ നിരാശരാക്കിയില്ല. അതിജീവനം അവർക്ക് നിർബന്ധമായിരുന്നു. ആ നിർബന്ധമാണ് അവരെ വേദിയിൽ തിരികെ എത്തിച്ചത്.ജെസിക്കും അഞ്ജുവിനും പകരം പുതിയ നടികളെ കണ്ടെത്തി ഡിസംബർ 27 ന് വീണ്ടും റിഹേഴ്‌സൽ തുടങ്ങി. പത്ത് ദിവസങ്ങൾക്ക് ശേഷം വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ വേദിയിൽ നവംബർ 16ന് അവതരിപ്പിക്കേണ്ടിയിരുന്ന വനിത മെസ് അരങ്ങേറി. അഞ്ജലിക്ക് പകരം ജാസ്മിൻ ജോഷിയും ജെസിക്ക് പകരം സൂസനുമാണ് വേദിയിൽ എത്തിയത്. 2024 ൽ അരങ്ങിലെത്തിയ നാടകമായിരുന്നു വനിത മെസ്. അഞ്ചാമത്തെ വേദിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം. നാടകത്തിന്റെ രചന പ്രദീപ് കുമാർ കാവുന്തറയും സംവിധാനം രാജീവൻ മമ്മിളിയുമാണ്. അഞ്ജലിയുടെയും ജെസിയുടേയും കുടുംബത്തെ സഹായിക്കാൻ ശ്രമം നടക്കുന്നുണ്ട്. പല സംഘടനകളും സഹായം നൽകിയിട്ടുണ്ട്. നാടക സംഘം ഉടമകളുടെ സംഘടനയായ ഡ്രാമാ ചേംബറിൻ്റെ ധന സഹായം ഉടൻ ലഭിക്കും. സേവ് ദ ടീം ഓഫ് ദേവ എന്ന ഒരു പദ്ധതി ഒരുക്കി ആ കുടംബങ്ങളെ സഹായിച്ചു വരുന്നു. കൂടുതൽ വേദി ലഭിക്കണം, ജീവിതത്തേയും കുടുംബങ്ങളേയും രക്ഷിക്കണം, ഇതിനുള്ള നെട്ടോട്ടത്തിലാണ് ദേവയുടെ സംഘാംഗങ്ങൾ. എം.മനേഷും പി.സുരീഷും ചേർന്നാണ് ദേവ കമ്യുണിക്കേഷൻസ് നടത്തുന്നത്.
Life is a survival drama. Drama is a survival. They came back on stage.